രാക്ഷസന്‍ തെലുങ്ക് റീമേക്ക്; 'രാക്ഷസുടു' ടീസര്‍ റിലീസ് ചെയ്തു

2018ല്‍ പുറത്തിറങ്ങിയ തമിഴ് ത്രില്ലര്‍ ചിത്രം രാക്ഷസന്റെ തെലുങ്ക് റീമേക്ക് ചിത്രം “രാക്ഷസുടു”വിന്റെ ടീസര്‍ പുറത്തിറങ്ങി. ബെല്ലംകൊണ്ട ശ്രീനിവാസാണ് തെലുങ്കില്‍ നായകവേഷത്തില്‍ എത്തുന്നത്. മലയാളിതാരം അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ നായിക. നവാഗതനായ രമേഷ് വര്‍മയാണ് തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത്.

തമിഴില്‍ വിഷ്ണു വിശാലും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രാക്ഷസന്‍ വലിയ വിജയമാണ് നേടിയത്. കേരളത്തിലും ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ശരവണന്‍ തന്നെയാണ് തെലുങ്കിലും ക്രിസ്റ്റഫര്‍ എന്ന സൈക്കോ വില്ലനായി എത്തുന്നത്.

തെലുങ്ക് പതിപ്പില്‍ നായകനായെത്തിയ സായി ശ്രീനിവാസിന്റെ അഭിനയം അത്ര പോരെന്ന അമല പോളിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. അമല പോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി സായി ശ്രീനിവാസിന്റെ ആരാധകര്‍ രംഗത്തുവന്നിരുന്നു. സായിയെ വിമര്‍ശിക്കാന്‍ അമല പോള്‍ ആരാണെന്നും, അവര്‍ക്ക് എന്തു യോഗ്യതയാണ് ഉള്ളതെന്നും രോഷത്തോടെ ആരാധകര്‍ ചോദിച്ചത്. അമല പോള്‍ സായി ശ്രീനിവാസിനെ അപമാനിച്ചുവെന്നും മാപ്പ് പറയണമെന്നുമാണ് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.