'ഡ്രിങ്ക്‌സില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധം കെടുത്താനായിരുന്നു അയാളുടെ പ്ലാന്‍'; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നടി

പതിനാറാം വയസില്‍ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നുപറഞ്ഞ് മിനിസ്‌ക്രീന്‍ താരം രാഷമി ദേശായ്. അയാള്‍ പ്രൊഡ്യൂസറാണോ കാസ്റ്റിംഗ് ഏജന്റ് ആണോയെന്ന് അറിയില്ല, തന്റെ ഡ്രിങ്ക്‌സില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിക്കാനായിരുന്നു ശ്രമമെന്ന് രാഷമി പറയുന്നു. ഭാഗ്യം കൊണണ്ടാണ് അന്ന് രക്ഷപ്പെട്ടതെന്നും താരം പറഞ്ഞു.

“”ആദ്യം തന്നെ അയാള്‍ എന്റെ അളവുകളെ കുറിച്ച് ചോദിച്ചു. പിന്നീട് ബോഡി സ്ട്രക്ച്ചറിനെ കുറിച്ചും ഫിഗറിനെ കുറിച്ചും സംസാരിച്ചു. ഓഡീഷനായാണ് വിളിച്ചിരുന്നത്. എന്നാല്‍ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. ക്യാമറകള്‍ പോലും ഉണ്ടായില്ല. ഡ്രിങ്ക്‌സില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധം കെടുത്താനായിരുന്നു അയാളുടെ പ്ലാന്‍. പതിനാറ് വയസുള്ള എന്നെ പെട്ടെന്ന് പറ്റിക്കാമെന്ന് അയാള്‍ കരുതി.””

“”എങ്ങനെയൊക്കെയോ അവിടെ നിന്നും രക്ഷപ്പെട്ടു. അമ്മയെ വിളിച്ച് പറഞ്ഞു. അമ്മ അയാളെ റെസ്റ്റോറന്റില്‍ വിളിച്ച് വരുത്തി. അടിച്ചു. താക്കീതും നല്‍കി”” എന്ന് പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ രാഷമി പറഞ്ഞു. ഉത്തരന്‍, ദില്‍ സെ ദില്‍ തക് എന്നീ സീരിയലുകളില്‍ അഭിനയിച്ച രാഷമി ഗബ്ബര്‍ സിംഗ്, ദബാഗ് 2 എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.