വൃക്കരോഗത്തിന് ചികിത്സയിലോ?; വിശദീകരണവുമായി റാണ ദഗുബാട്ടി

നടന്‍ റാണ ദഗുബാട്ടി വൃക്കരോഗത്തിന് ചികിത്സയിലെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. റാണ വൃക്കരോഗത്തിന് ചികിത്സയിലാണെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നുമായിരുന്നു തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹൈദരാബാദിലും മുംബൈയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് റാണ അമേരിക്കയിലേയ്ക്കു ചികിത്സയ്ക്കു പോയെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് റാണ.

വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ഡിയര്‍ കോമ്രേഡിന് ആശംസകള്‍ നേര്‍ന്ന് റാണ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനു താഴെ റാണയുടെ ആരോഗ്യത്തെയും രോഗത്തെയും സംബന്ധിച്ച ചോദ്യങ്ങളുമായി ആരാധകരും എത്തി. താങ്കളുടെ സര്‍ജറി എങ്ങനെ ഉണ്ടായിരുന്നുവെന്നും ആരോഗ്യം ഓക്കെയാണോ എന്നുമായിരുന്നു ഇതില്‍ ഒരു ആരാധകന്റെ ചോദ്യം. ‘ഇത്തരം വാര്‍ത്തകള്‍ വരുന്ന വെബ്‌സൈറ്റുകള്‍ വായിക്കുന്നത് നിര്‍ത്തൂ’ എന്നായിരുന്നു മറുപടിയായി റാണ പറഞ്ഞത്.

റാണയുടെ പ്രതികരണം പുറത്തു വന്നതോടെ അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നു എന്നതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍. ചിത്രീകരണം പൂര്‍ത്തിയായ ഹാത്തി മേരെ സാത്തിയാണ് റിലീസ് ചെയ്യാനിരിക്കുന്ന റാണയുടെ ചിത്രം. വിരാടപര്‍വം എന്നൊരു സിനിമയിലും റാണ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.