ഭാര്യയോടുള്ള സ്‌നേഹത്തെ കുറിച്ച് ചോദിച്ച് റാണ, പരിപാടിക്കിടെ ഫോണ്‍ വിളിച്ച് ഐ ലവ് യു പറഞ്ഞ് ബാലകൃഷ്ണ; വീഡിയോ

വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് തെലുങ്ക് നടന്‍ നന്ദമുരി ബാലകൃഷ്ണ. താരത്തിന്റെ ചാറ്റ് ഷോ ‘അണ്‍സ്‌റ്റോപ്പബിള്‍ ബാലയ്യ’ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചാറ്റ് ഷോയില്‍ പങ്കെടുക്കാനായി തെലുങ്ക് താരം റാണ ദഗുബതി എത്തിയിരുന്നു.

ഈ എപ്പിസോഡിന്റെ പ്രമോ വീഡിയോയാണ് വൈറല്‍. കഴിഞ്ഞ വര്‍ഷമായിരുന്നു റാണ വിവാഹിതനായത്. ഇതിനെ കുറിച്ചാണ് ബാലകൃഷ്ണ ആദ്യം ചോദിച്ചത്. പിന്നീട് ഭാര്യ മിഹികയെ കുറിച്ചും സ്വന്തം പേര് ഗൂഗിളില്‍ തപ്പി നോക്കാറുണ്ടോ എന്നൊക്കെയും ചോദിക്കുന്നുണ്ട്.

റാണയുടെ തന്നെ സിനിമയിലെ ചില ഡയലോഗുകള്‍ പറയാന്‍ ആവശ്യപ്പെടുന്നതുമെല്ലാം വീഡിയോയില്‍ കാണാം. അതേസമയം ഭാര്യയോട് ബാലകൃഷ്ണയ്ക്കുള്ള സ്നേഹത്തിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് പറയാന്‍ റാണ തിരിച്ചും ചോദ്യം ചോദിച്ചു.

ഇതിനിടയില്‍ ബാലകൃഷ്ണ ഭാര്യ വസുന്ധരയോട് എപ്പോഴെങ്കിലും ഐ ലവ് യു എന്ന് പറഞ്ഞിട്ടുണ്ടോ എന്നും റാണ ചോദിക്കുന്നു. പെട്ടെന്ന് തന്നെ ഫോണ്‍ എടുത്ത് ഭാര്യയെ വിളിച്ച് ബാലകൃഷ്ണ അവരോട് ഐ ലവ് യൂ എന്ന് പറയുന്നതും പ്രമോയില്‍ കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.