അന്ന് മൈക്ക് പിടിച്ച് നസ്രാണിയില്‍, ഇന്ന് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകന്‍; ഇത് പിഷാരടിയുടെ ജൈത്രയാത്ര

രമേശ് പിഷാരടി, ഈ പേര് മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതമാണ്. അവതാരകനായും അഭിനേതാവായും സംവിധായകനായും രമേശ് പിഷാരടി തിളങ്ങുകയാണ്. പിഷാരടി വേദിയില്‍ കയറി മൈക്കെടുത്താല്‍ ഒന്നുറപ്പാണ്, ഒരു ചിരിപ്പൂരത്തിനുള്ള വകയുണ്ടാകും. മലയാള വിനോദ രംഗത്തെ എണ്ണം പറഞ്ഞ അതുല്യ കലാകാരന്മാരുടെ നിരയില്‍ പിഷാരടി തന്റെ ഇരിപ്പിടം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

Image may contain: 1 person
മിനിസ്‌ക്രീനില്‍ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് എത്തി ചെറുതും വലുതുമായി ഒരുപിടി വേഷങ്ങള്‍ ചെയ്ത്, ഇപ്പോള്‍ സംവിധായകനായി രണ്ടാം സിനിമ സംവിധാനം ചെയ്തിരിക്കുകയാണ് പിഷാരടി. അതും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ നായകനാക്കി. 2007 -ല്‍ മമ്മൂട്ടി നായകനായെത്തിയ നസ്രാണിയില്‍ ജൂനിയര്‍ അര്‍ട്ടിസ്റ്റായി മൈക്ക് പിടിച്ച് ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ 12 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ആ മഹാനടനെ തന്നെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്തിരിക്കുന്നു.

Image may contain: one or more people, people sitting, screen and indoor
വിധിയുടെ വിളയാട്ടമെന്ന് തോന്നാവുന്ന ആ ഉയര്‍ച്ച കണ്ടു നില്‍ക്കുന്നവര്‍ക്ക് ഒരു പ്രചോദനം തന്നെയാണ്. ജയറാമിനെ നായകനാക്കി ഒരുക്കിയ പഞ്ചവര്‍ണ്ണ തത്ത എന്ന ആദ്യ ചിത്രത്തിന്റെ വിജയം മമ്മൂട്ടിയിലൂടെ രണ്ടാം ചിത്രമായ ഗാനഗന്ധര്‍വ്വനിലും ആവര്‍ത്തിക്കാമെന്ന വിശ്വാസത്തിലാണ് പിഷാരടി. ആ വിശ്വാസം പ്രേക്ഷകര്‍ കാക്കും എന്നു തന്നെയാണ് ചിത്രത്തിന് ലഭിക്കുന്ന പിന്തുണ തെളിയിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന എല്ലാ വിശേഷങ്ങള്‍ക്കും വമ്പന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

Image may contain: 2 people, people sitting
ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മുകേഷ് , ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.

Image may contain: 1 person, sitting and car
ശ്രീലക്ഷ്മി ആര്‍, ശങ്കര്‍ രാജ് ആര്‍, രമേഷ് പിഷാരടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്.