'എന്റെ പുതിയ സംരംഭം.. മധുരമുള്ള ഒരു സ്വപ്നം കൂടെ യഥാര്‍ത്ഥ്യമാകുന്നു; കേക്ക് കഫേയുമായി രമേഷ് പിഷാരടി

അവതാരകനും നടനും സംവിധായകനുമായൊക്കെ മലയാളികള്‍ക്ക് ചിരപരിചിതനാണ് രമേഷ് പിഷാരടി. അടുത്തിടെ റിലീസ് ചെയ്ത നോ വേ ഔട്ട് എന്ന ചിത്രത്തില്‍ നായകനായെത്തിയ പിഷാരടിയുടെ പ്രകടനം വലിയ പ്രശംസ നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

ഇപ്പോളിതാ, താന്‍ പുതിയ ബിസിനസ് സംരംഭം ആരംഭിക്കാന്‍ പോകുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പിഷാരടി. കേക്ക് കഫേയുമായാണ് പിഷാരടി എത്തുന്നത്. എറണാകുളത്ത് ഒബ്രോണ്‍ മാളിലാണ് പിഷാരടിയുടെ കേക്ക് കഫേ.

ജൂലൈ 15 മുതല്‍ കഫേ പ്രവര്‍ത്തനം തുടങ്ങും. ‘കേക്ക് റീല്‍സ് കഫേ ബൈ ഫാരന്‍ഹീറ്റ് 375’ എന്നാണ് കഫേയുടെ പേര്. പിഷാരടി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാ?ഗ്രാം വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്.

‘എന്റെ പുതിയ സംരംഭം.. മധുരമുള്ള ഒരു സ്വപ്നം കൂടെ യഥാര്‍ഥ്യമാകുന്നു.ഏവര്‍ക്കും സ്വാഗതം’, എന്നാണ് വളരെ വ്യത്യസ്തമായ വീഡിയോ പങ്കുവെച്ച് പിഷാരടി കുറിച്ചത്. കേക്കിനെ കുറിച്ചുള്ളൊരു കഥയും താരം വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. മാമ്പള്ളി ബാപ്പു എന്നയാളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ആദ്യത്തെ കേക്ക് ഉണ്ടാക്കിയതെന്നാണ് നടന്‍ പറയുന്നത്.