കഥയോ, കഥ കേള്‍ക്കാന്‍ ഞാനെന്താ കുഞ്ഞുവാവയാ? മമ്മൂക്കയുടെ മറുപടി കേട്ട് എന്റെ കാറ്റു പോയി: രമേഷ് പിഷാരടി

രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ഗാനഗന്ധര്‍വ്വന്‍ വെള്ളിയാഴ്ച്ച തീയേറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിലേക്ക് മമ്മൂട്ടി എത്തിയ രസകരമായ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് രമേഷ് പിഷാരടി മനസ്സുതുറന്നത്.

മമ്മുക്കയ്ക്ക് പറ്റിയ കഥ കിട്ടിയപ്പോള്‍ ഒന്ന് നേരില്‍ക്കാണാന്‍ പറ്റുമോ എന്ന് വിളിച്ചുചോദിച്ചു.

“”നാളെ കോഴിക്കോട്ടേക്കൊരു കാര്‍ യാത്രയുണ്ട്. വന്നാല്‍ ഇടപ്പള്ളിയില്‍വെച്ച് കാറില്‍ കയറാം, വന്നകാര്യം പറഞ്ഞ് കൊടുങ്ങല്ലൂരില്‍ ഇറങ്ങാം. നിന്റെ വണ്ടി എന്റെ വണ്ടിയുടെ പിറകെവരട്ടെ…”” -മമ്മൂട്ടി പറഞ്ഞു. പിറ്റേന്ന് രാവിലെ പറഞ്ഞതുപോലെ ഇടപ്പള്ളിയില്‍വെച്ച് ഞാന്‍ മമ്മുക്കയുടെ കാറില്‍ക്കയറി. കുറച്ചുദൂരം യാത്രപോയപ്പോള്‍ “”എന്താ കാര്യം”” -മമ്മുക്കയുടെ ചോദ്യം.

“”ഒരു കഥ പറയാന്‍ വന്നതാ…””

“”കഥയോ, കഥ കേള്‍ക്കാന്‍ ഞാനെന്താ കുഞ്ഞുവാവയാ?””

മമ്മുക്കയുടെ മറുപടികേട്ട് എന്റെ കാറ്റുപോയി. കഥ ഒഴികെ മറ്റു പലകാര്യങ്ങളും പറഞ്ഞ് ഞങ്ങള്‍ കൊടുങ്ങല്ലൂരിലെത്തി.

“”തന്റെ വണ്ടി തിരിച്ചുപോകാന്‍ പറ. നമുക്ക് കോഴിക്കോടുവരെ പോകാം.”” -മമ്മുക്ക പറഞ്ഞു. അങ്ങനെ ആ യാത്ര കോഴിക്കോട്ടേക്ക് നീണ്ടു. കോഴിക്കോട് എത്താറായപ്പോള്‍ മമ്മുക്ക ചോദിച്ചു.

“”എന്താ, കഥ പറ…?””

നാലുവരി മാത്രമുള്ള ചിത്രത്തിന്റെ മൂലകഥ ഞാന്‍ പറഞ്ഞു. ഇത് ഇഷ്ടമായാല്‍ തിരക്കഥയെഴുതി ഞാന്‍ വരാം…

രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി വന്‍താരനിരയാണ് ഉള്ളത്. ശ്രീലക്ഷ്മി ആര്‍, ശങ്കര്‍ രാജ് ആര്‍, രമേഷ് പിഷാരടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്.