എന്നിലെ സംവിധായകന് എന്നിലെ നടനെ ഇഷ്ടമല്ല, അതിനാല്‍ വേഷം കൊടുത്തില്ല: രമേഷ് പിഷാരടി

ഗായകന്‍ കലാസദന്‍ ഉല്ലാസായി മമ്മൂക്ക എത്തുന്ന രമേഷ് പിഷാരടി ചിത്രം ഗാനഗന്ധര്‍വ്വന്‍ ഈ വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തുകയാണ്. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് രസകരമായ ഒരു മറുപടി നല്‍കിയിരിക്കുകയാണ് രമേഷ് പിഷാരടി. എന്നിലെ സംവിധായകന് എന്നിലെ നടനെ ഇഷ്ടമല്ല. അതിനാല്‍ വേഷം കൊടുത്തില്ല എന്ന് സ്വതസിദ്ധമായ നര്‍മ്മരീതിയില്‍ തന്നെയാണ് രമേഷ് പിഷാരടി മറുപടി പറഞ്ഞത്.

രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി വന്‍താരനിരയാണ് ഉള്ളത്. ശ്രീലക്ഷ്മി ആര്‍, ശങ്കര്‍ രാജ് ആര്‍, രമേഷ് പിഷാരടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്.