വീണ്ടും ഒരു സ്‌പോര്‍ട്‌സ് ചിത്രവുമായി രജിഷ വിജയന്‍; 'ഖൊ ഖൊ' ഫസ്റ്റ് ലുക്ക് പുറത്ത്, ചിത്രീകരണം ഉടന്‍

ഫൈനല്‍സിന് ശേഷം വീണ്ടും ഒരു സ്‌പോര്‍ട്‌സ് ചിത്രവുമായി രജിഷ വിജയന്‍ എത്തുന്നു. “ഖൊ ഖൊ” എന്ന് പേരിട്ട ചിത്രത്തില്‍ ഖൊ ഖൊ താരമായാണ് രജിഷ വേഷമിടുന്നത്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ ഒറ്റമുറി വെളിച്ചത്തിലൂടെ ഒരുക്കിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്.

https://www.facebook.com/ActorMohanlal/posts/3245239062198434

ടോബിന്‍ തോമസ് ഛായാഗ്രഹണവും സിദ്ധാര്‍ഥ് പ്രദീപ് സംഗീതവും ക്രിസ്റ്റി സെബാസ്റ്റിയന്‍ എഡിറ്റിഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. 2019ല്‍ റിലീസ് ചെയ്ത ഫൈനല്‍സില്‍ സൈക്ലിസ്റ്റ് ആയാണ് രജിഷ വേഷമിട്ടത്.

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ലവ് ആണ് രജിഷയുടെ ഏറ്റവും പുതിയ ചിത്രം. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം ചെയ്യുന്നത്. കോവിഡ് കാലത്ത് ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രം കൂടിയാണിത്.