പുരസ്‌കാര നേട്ടത്തില്‍ മോദിക്ക് അടക്കം പേരെടുത്ത് രജിനിയുടെ നന്ദി; കൂട്ടത്തിലെ രാജ് ബഹാദൂറിനെ തേടി സോഷ്യല്‍ മീഡിയ

ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാര നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടക്കം നന്ദി അറിയിച്ച് നടന്‍ രജികാന്ത്. തന്റെ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായി ട്വിറ്ററിലൂടെ പങ്കുവെച്ച പ്രസ്താവനയില്‍ രജനികാന്ത് പറഞ്ഞു. നന്ദി അറിയിച്ച പേരുകളില്‍ ഒന്നാണ് രാജ് ബഹാദൂര്‍. പേരെടുത്ത് പറയാന്‍ മാത്രം ഇദ്ദേഹം ആരാണ് എന്ന ചോദ്യത്തിന് പിന്നാലെയായി സോഷ്യല്‍ മീഡിയ.

പുരസ്‌കാര നിറവിലും തന്റെ പഴയ ചങ്ങാതിക്കാണ് രജനി നന്ദി പറഞ്ഞിരിക്കുന്നത്. ബംഗ്ലൂരുവില്‍ ശ്രീനഗരയില്‍ നിന്ന് മെജസ്റ്റിക്കിലേയ്ക്കുള്ള പത്താം നമ്പര്‍ ബസിന്റെ ഡ്രൈവറായിരുന്നു രാജ് ബഹാദൂര്‍. അന്ന് കണ്ടക്ടറായി ജോലി ചെയ്ത ശിവാജി റാവുവിന് സിനിമാ നടനാകാനുള്ള ശക്തമായ പിന്തുണ നല്‍കി കൂടെ നിന്ന സുഹൃത്താണ് രാജ് ബഹദൂര്‍.

ചെന്നൈയില്‍ സിനിമ പഠിക്കാന്‍ എത്തിയ ശിവാജി റാവുവിന് മിച്ചം പിടിക്കുന്ന സമ്പാദ്യത്തില്‍ നിന്നും ഒരു ഭാഗം രാജ് ബഹദൂര്‍ പണം അയച്ചു കൊടുത്തിരുന്നു. ശിവാജി റാവു പിന്നീട് രജനികാന്തായി മാറിയപ്പോഴും സൂപ്പര്‍ സ്റ്റാര്‍ ആയപ്പോഴും വന്ന വഴി താരം മറന്നിരുന്നില്ല. തന്നിലെ നടനെ ആദ്യമായി കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രാജ് ബഹാദൂറിന് നന്ദി എന്നാണ് രജനി പ്രസ്താവനയില്‍ പറഞ്ഞത്.

തമിഴില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ തന്റെ ഗുരുവും സംവിധായകനുമായ കെ. ബാലചന്ദറിനും, തമിഴ്‌നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമിക്കും, ഉപമുഖ്യമന്ത്രി പനീര്‍സെല്‍വത്തിനും, ഡിഎംകെ നേതാവ് സ്റ്റാലിനും, കമല്‍ ഹസ്സനും രജനി നന്ദി പറഞ്ഞു. ബാലചന്ദറിന്റെ അപൂര്‍വ്വ രാഗങ്ങളിലൂടെ സിനിമയിലൂടെ ആയിരുന്നു രജനിയുടെ സിനിമാരങ്ങേറ്റം.