രജനികാന്തിന് ശസ്ത്രക്രിയ, രക്തക്കുഴലിലെ ബ്ലോക്ക് നീക്കി; ആശുപത്രിക്ക് പുറത്ത് പ്രാര്‍ത്ഥനയോടെ ആരാധകര്‍

നടന്‍ രജനികാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി. രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആര്‍ട്ടറി റിവാസ്‌കുലറൈസേഷന്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് രജനികാന്തിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രജനികാന്ത് സുഖം പ്രാപിച്ചു വരുന്നതായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ സാധിക്കുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

രജനികാന്ത് ആശുപത്രിയിലാണെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ ആരാധകരില്‍ ആശങ്ക പടര്‍ത്തിയിരുന്നു. ഇതോടെ കാവേരി ആശുപത്രിയുടെ മുന്നില്‍ ആരാധകര്‍ തടിച്ചു കൂടിയിരുന്നു. എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും പതിവ് ചെക്കപ്പിന്റെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളെത്തി.

നാല്‍പത്തിയഞ്ച് വര്‍ഷത്തിലേറെയായി സിനിമാ ലോകത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് ദാദാഭായ് നവറോജി പുരസ്‌കാരം നല്‍കി രാജ്യം രജനികാന്തിനെ ആദരിച്ചിരുന്നു. പുരസ്‌കാരം സ്വീകരിക്കുന്നതിനായി ഡല്‍ഹിയില്‍ പോയി മടങ്ങിയ ശേഷമാണ് രജനികാന്ത് ആശുപത്രിയില്‍ എത്തിയത്.

അതേസമയം, രജനിയുടെ ‘അണ്ണാത്തെ’ ചിത്രത്തിന്റെ നിലീസിനായാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ചിത്രം ദീപാവലി റിലീസായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന്? എത്താനിരിക്കുകയാണ്. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് രജനിയുടെ നായിക.