രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരണം; പ്രതിഷേധ സമരവുമായി ആരാധകര്‍

രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരണം എന്നാവശ്യപ്പെട്ട് ആരാധകര്‍. രാഷ്ട്രീയത്തിലേക്കില്ല എന്ന തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരത്തോളം ആരാധകരാണ് ചെന്നൈയില്‍ പ്രകടനം നടത്തുന്നത്. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപിക്കും എന്നാണ് രജനികാന്ത് അറിയിച്ചിരുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയത്തിലേക്കില്ലെന്ന് താരം പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, രജനിയുടെ ആരാധക കൂട്ടായ്മയായ രജനി മക്കള്‍ മന്‍ട്രം ആരാധകര്‍ പ്രകടനത്തില്‍ പങ്കെടുക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി. കൂട്ടായ്മയിലെ 38 ജില്ലാ സെക്രട്ടറിമാര്‍ക്കും പ്രതിഷേധത്തില്‍ നിന്നും വിട്ടു നില്‍ക്കാനായി നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ആരാധകര്‍ ഒത്തുകൂടാന്‍ ആരംഭിച്ചത്.

തന്റെ രാഷ്ട്രീയ പിന്‍മാറ്റത്തിന് പിന്നാലെ രജനികാന്ത് ആരാധകരോട് മാപ്പ് ചോദിച്ചിരുന്നു. വലിയ നിരാശയോടെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം അറിയിക്കുന്നത്. ഇത് നിങ്ങളോട് പറയാന്‍ അനുഭവിച്ച വേദന തനിക്ക് മാത്രമേ അറിയൂ. ഇത് ആരാധകരെ നിരാശപ്പെടുത്തുമെന്ന് അറിയാം. പക്ഷെ ദയവ് ചെയ്ത് നിങ്ങള്‍ മാപ്പ് തരൂ എന്ന് രജനികാന്ത് ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും താന്‍ ജനസേവനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് രജനികാന്ത് ട്വിറ്ററില്‍ പങ്കുവച്ച കത്തിലൂടെ അറിയിച്ചിരുന്നു. താരം രാഷ്ട്രീയത്തിലേക്ക് വരണം എന്നാവശ്യപ്പെട്ട് ആരാധകര്‍ നേരത്തെയും രംഗത്തെത്തിയിരുന്നു.