രജനികാന്തിന് നായികയായി വീണ്ടും നയന്‍താര, മകളായി കീര്‍ത്തി; ഒരുങ്ങുന്നത് തലൈവരുടെ 168-ാം ചിത്രം

ദര്‍ബാറിന് പിന്നാലെ വീണ്ടും രജനികാന്തിന്റെ നായികയായി നയന്‍താര. രജനിയുടെ 168-ാം ചിത്രമായ ഇതുവരെ പേരിടാത്ത ചിത്രത്തില്‍ നായികയായി നയന്‍താര എത്തുമെന്ന വിവരം സണ്‍ പിക്‌ച്ചേഴ്‌സ് ആണ് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ശിവയാണ് ചിത്രം ഒരുക്കുക.

പുതിയ ചിത്രം തമിഴ്‌നാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. നടി മീന 24 വര്‍ഷത്തിനു ശേഷം രജനിയുമായി സ്‌ക്രീന്‍ പങ്കിടുന്നുവെന്ന പ്രത്യകതയും ചിത്രത്തിനുണ്ട്. 1995 ല്‍ പുറത്തിറങ്ങിയ മുത്തുവാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ചിത്രത്തില്‍ കീര്‍ത്തി സുരേഷ് രജനിയുടെ മകളായി എത്തുമെന്ന്് നേരത്തെ സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചിരുന്നു.

പ്രകാശ് രാജ്, കുശ്ബു, സൂരി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. രണ്ടാം ഷെഡ്യൂള്‍ ഈ ആഴ്ച തന്നെ തുടങ്ങുമെന്നാണ് വിവരം. ചിത്രം ഈ വര്‍ഷം അവസാനം തിയേറ്ററുകളിലെത്തിയേക്കും.