സൈക്കോ ത്രില്ലര്‍ ‘എതിരെ’യുമായി റഹമാന്‍; ഒപ്പം ഗോകുല്‍ സുരേഷും നൈല ഉഷയും

Advertisement

നടന്‍ റഹമാന്റെ പുതിയ മലയാള ചിത്രം പ്രഖ്യാപിച്ചു. ‘എതിരെ’ എന്നാണ് ചിത്രത്തിന്റെ പേര്. സൈക്കോ ത്രില്ലര്‍ ആയി ഒരുക്കുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, നൈല ഉഷ, വിജയ് നെല്ലീസ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാകും. നവാഗതനായ അമല്‍ കെ. ജോബി ആണ് സംവിധാനം.

മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം റാമിന് ശേഷം അഭിഷേക് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രമാണ് എതിരെ. സംവിധായകന്റെ തന്നെ കഥയ്ക്ക് സേതു ആണ് തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ്യില്‍ എറണാകുളത്ത് ആരംഭിക്കും. റഹമാന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രമായ ‘സമാറ’യുടെ ചിത്രീകരണം പൂര്‍ത്തിയായി.

നിലവില്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് റഹമാന്‍. സീട്ടിമാര്‍ എന്ന കന്നഡ ചിത്രമാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. അതേസമയം, പാപ്പാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഗോകുല്‍ സുരേഷ്. അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം ഗോകുല്‍ ആദ്യമായി വേഷമിടുന്ന ചിത്രമാണ് പാപ്പാന്‍.

ഗഗനചാരി, സായാഹ്നവാര്‍ത്തകള്‍, അമ്പലമുക്കിലെ വിശേഷങ്ങള്‍ എന്നിവയാണ് ഗോകുല്‍ സുരേഷിന്റെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. പ്രിയ ഓട്ടത്തിലാണ് എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് നൈല ഉഷ. പാപ്പന്‍ ചിത്രത്തിലും നൈല വേഷമിടുന്നുണ്ട്. വണ്‍ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.