സ്‌പൈഡര്‍മാനെയും മാസ്റ്ററിനെയും തകര്‍ത്ത് അല്ലു അര്‍ജുന്‍; ആദ്യ ദിനത്തില്‍ റെക്കോഡിട്ട് 'പുഷ്പ'

സ്‌പൈഡര്‍മാന്‍, മാസ്റ്റര്‍ ചിത്രങ്ങളുടെ റെക്കോര്‍ഡ് തകര്‍ത്ത് അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’. കോവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിങ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് ആണ് ചിത്രം നേടിയിരിക്കുന്നത്. 71 കോടിയാണ് ആഗോളതലത്തില്‍ റിലീസ് ചെയ്ത പുഷ്പ നേടിയത്.

അതിഗംഭീര പ്രതികരണങ്ങളോടെ റിലീസ് തുടരുന്ന സ്‌പൈഡര്‍മാന്‍ നോ വേ ഹോം ചിത്രവുമായുള്ള ക്ലാഷിനിടയിലും മികച്ച ഹൈപ്പ് ആണ് പുഷ്പയ്ക്ക് ലഭിക്കുന്നത്. ആന്ധ്രാപ്രദേശില്‍ നിന്നും തെലുങ്കാനയില്‍ നിന്നും മാത്രം 22 മുതല്‍ 24 കോടി വരെ പുഷ്പ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും വടക്കേ ഇന്ത്യയില്‍ നിന്നും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്. അല്ലു അര്‍ജുന്റെ പതിവ് സിനിമകളില്‍ നിന്നും വ്യത്യസ്തമായ പുഷ്പരാജ് എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലു അര്‍ജുനും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഉള്‍വനങ്ങളില്‍ ചന്ദനക്കള്ളക്കടത്ത് നടത്തുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ പ്രധാന വില്ലന്‍.

Read more

ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രശ്മിക മന്ദാന ആണ് പുഷ്പയില്‍ നായിക.