ആദ്യ ദിനം വിമര്‍ശനങ്ങള്‍ കേട്ടെങ്കിലും ബോക്‌സ് ഓഫീസില്‍ ഫയര്‍ ആയി ‘പുഷ്പ 2’. വലിയ ഹൈപ്പില്‍ എത്തിയ ചിത്രം ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷന്‍ ആണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 175.1 കോടി നേടി എന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കളക്ഷന്‍ എന്ന റെക്കോഡ് പുഷ്പ സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് ഖാന്‍ ചിത്രം ‘ജവാന്‍’ സിനിമയുടെ കളക്ഷനെയാണ് പുഷ്പ 2 മറികടന്നിരിക്കുന്നത്. 75 കോടിയോളമാണ് ജവാന്‍ ആഗോള കളക്ഷന്‍ നേടിയത്. 175.1 കോടി രൂപ പുഷ്പ 2 ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും മാത്രം നേടിയ കളക്ഷന്‍ ആണ്.
അതുകൊണ്ട് തന്നെ ആഗോള കളക്ഷന്‍ വരുമ്പോള്‍ 200 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലാണ് ഏറ്റവും ഉയര്‍ന്ന കളക്ഷന്‍. 85 കോടിയാണ് ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് നേടിയത്. ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയാണ്. ഇതോടെ ഷാരൂഖ് ഖാന്റെ ജവാന്റെ 64 കോടിയുടെ റെക്കോര്‍ഡ് മറികടക്കാനും ഹിന്ദി പതിപ്പിനായി.
തമിഴില്‍ നിന്നും ആദ്യ ദിനം ഏഴ് കോടിയാണ് ലഭിച്ചത്. മലയാളത്തില്‍ നിന്നും അഞ്ച് കോടിയും കര്‍ണാടകയില്‍നിന്ന് ഒരു കോടിയും ചിത്രം നേടി. ഈ വര്‍ഷം ഇന്ത്യന്‍ ബോക്സോഫീസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ലോകമെമ്പാടുമുള്ള 10,000 സ്‌ക്രീനുകളിലായാണ് പ്രദര്‍ശനത്തിനെത്തിയത്.
നാലാം തീയതിയിലെ പണമടച്ചുള്ള പ്രീമിയര്‍ ഷോകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഒന്നാം ദിവസം 175.1 കോടി രൂപ ചിത്രം നേടിയെന്ന് സാക്നില്‍ക് വെബ്‌സൈറ്റിനെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആദ്യ ദിനത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ നേടിയതിനാല്‍ ഇനി അങ്ങോട്ട് സിനിമ വലിയ കളക്ഷന്‍ നേടുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.