പുലിമുരുകന്‍ ടീം വീണ്ടും ; ചിത്രീകരണം നവംബര്‍ പത്തിന്

പുലിമുരുകന് ശേഷം മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നവംബര്‍ 10ന് ആരംഭിച്ചേക്കും. 2019ല്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സിനിമ നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നാലെയുണ്ടായ കോവിഡ് വ്യാപനം മൂലം ഇത് പ്രാവര്‍ത്തികയിരുന്നില്ല.

തീയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ വൈശാഖ് ലാല്‍ ടീമിന്റെ പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്. ബോക്സ് ഓഫീസ് ചിത്രം പുലിമുരുകന് ശേഷം ടീം വീണ്ടും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതകൂടി ഇതിനുണ്ട്.

സംവിധായകനും തിരക്കഥാകൃത്തും നായകനുമാണ് ഒരിക്കല്‍ കൂടി ഒന്നിക്കാന്‍ ഒരുങ്ങുന്നത്. ഉദയ് കൃഷ്ണനാണ് രചന നിര്‍വഹിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. അതേസമയം, മോഹന്‍ലാലിന്റെതായി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. ബിഗ് ബജറ്റില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിന് ഒരുങ്ങുന്ന ചിത്രമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി, ബി ഉണ്ണികൃഷ്ണന്റെ ആറാട്ട്, ഷാജി കൈലാസ് ചിത്രം എലോണ്‍, ജീത്തു ജോസഫിന്റെ 12ത്ത് മാന്‍ എന്നിവയും ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകളാണ്.