ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ച സംഭവം; റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്ക്

വീട്ടില്‍ കയറി ആക്രമിച്ചെന്ന ചലച്ചിത്ര നിര്‍മ്മാതാവായ ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്ക്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിര്‍മ്മാതാക്കളുടെ സംഘടന നിര്‍ദേശം നല്‍കി. കൊച്ചി പനമ്പിള്ളി നഗറിലുള്ള തന്റെ വീട്ടില്‍ എത്തി റോഷന്‍ ആന്‍ഡ്രൂസും സുഹൃത്ത് നവാസും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് ആല്‍വിന്‍ ആന്റണി പരാതിയില്‍ പറയുന്നത്.

ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. പരാതി അടിസ്ഥാനരഹിതമാണെന്നും ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി മയക്കു മരുന്നിന് അടിമയാണെന്നുമാണ് റോഷന്‍ പറയുന്നത്. താന്‍ മയക്കുമരുന്നിന് അടിമയാണെന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ആല്‍വിന്‍ ജോണ്‍ ആന്റണിയും പറയുന്നു.

സംവിധാന സഹായിയായ പെണ്‍കുട്ടിയോടുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ റോഷന്‍ ആന്‍ഡ്രൂസ് ആവശ്യപ്പെട്ടു, പറ്റില്ലെന്ന ആല്‍വിന്‍ ജോണ്‍ ആന്റണിയുടെ നിലപാടിനെ തുടര്‍ന്ന് വീടാക്രമിച്ചു; മലയാള സിനിമയിലെ അകത്തളങ്ങളില്‍ സംഭവിക്കുന്നത്…

ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ പൊലീസ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ നിന്നു മൊഴിയെടുത്തു. പനമ്പിള്ളി നഗറിലുളള ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ ശനിയാഴ്ച രാത്രിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ വീടിന്റെ ജനാല ചില്ലുകള്‍ തകര്‍ന്നിരുന്നു. ആല്‍വിനും കൂട്ടുകാരനും തന്നെ മര്‍ദ്ദിച്ചുവെന്നു കാണിച്ചു റോഷന്‍ ആന്‍ഡ്രൂസും പരാതി നല്‍കിയിട്ടുണ്ട്.