മലയാളത്തിലെ യുവതാരങ്ങളെ കൂട്ടുപിടിച്ച് പ്രിയദര്‍ശന്‍, വരുന്നത് ത്രില്ലര്‍ ചിത്രം

മലയാളത്തിലെ യുവതാരങ്ങളെ അണിനിരത്തി ഒരു ത്രില്ലര്‍ ചിത്രം ഒരുക്കാനൊരുങ്ങി സംവിധായകന്‍ പ്രിയദര്‍ശന്‍. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ തുടങ്ങുമെന്നാണ് വിവരം. എറണാകുളവും തൊടുപുഴയുമാണ് ലൊക്കേഷനുകള്‍. നിര്‍മ്മാണത്തിലും പ്രിയദര്‍ശന്‍ പങ്കാളിയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന് പുറമേ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഓളവും തീരവും എന്ന ചിത്രവും പ്രിയദര്‍ശന്‍ ഈ വര്‍ഷം സംവിധാനം ചെയ്യുന്നുണ്ട്.

1957 ല്‍ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് ‘ഓളവും തീരവും’. മോഹന്‍ലാല്‍ ചിത്രത്തില്‍ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക.

1970 ല്‍ പിഎന്‍ മേനോന്റെ സംവിധാനത്തില്‍ ചെറുകഥ സിനിമയാക്കിയിരുന്നു. സന്തോഷ് ശിവനായിരിക്കും ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്.