നിര്‍ഭാഗ്യവശാല്‍ ഇത്തവണ ഫലങ്ങള്‍ പോസിറ്റീവ് ആയി, ലക്ഷണങ്ങളില്ല; പൃഥ്വിരാജ് പറയുന്നു

ജനഗണമന സിനിമയുടെ സെറ്റില്‍ വെച്ച് കോവിഡ് ബാധിച്ചതിനെ കുറിച്ച് നടന്‍ പൃഥ്വിരാജ്. ഒക്ടോബര്‍ 7 മുതല്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. അവസാന ദിവസത്തെ ഷൂട്ടിന് ശേഷം പരിശോധനകള്‍ നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം താരം പറയുന്നത്.

പൃഥ്വിരാജിന്റെ കുറിപ്പ്:

ഒക്ടോബര്‍ 7 മുതല്‍ ഞാന്‍ ഡിജോ ജോസ് ആന്റണിയുടെ “ജനഗണമന”യുടെ ഷൂട്ടിംഗിലാണ്. കോവിഡ് നിയന്ത്രണങ്ങളും സുരക്ഷാനടപടികളും സംബന്ധിച്ച് കര്‍ശനമായ പ്രോട്ടോക്കോളുകള്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാവരും കോവിഡ് ടെസ്റ്റിന് വിധേയരായിരുന്നു, സെറ്റിലെ അവസാന ദിവസത്തെ ഷൂട്ടിന് ശേഷവും പരിശോധനകള്‍ ആവര്‍ത്തിച്ചിരുന്നു.

നിര്‍ഭാഗ്യവശാല്‍, ഇത്തവണ ഫലങ്ങള്‍ പോസിറ്റീവ് ആയി തിരിച്ചെത്തി, ഞാന്‍ ക്വാറന്റൈനിലേക്ക് പോയി. എനിക്ക് ലക്ഷണങ്ങളില്ല, ഇപ്പോള്‍ സുഖമായിരിക്കുന്നു. ഞാനുമായി പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കത്തില്‍ പെട്ട എല്ലാവരോടും ഐസൊലേഷനില്‍ പോകാനും ടെസ്റ്റ് ചെയ്യാനും നിര്‍ദേശിക്കുന്നു. ഉടന്‍ സുഖം പ്രാപിച്ച് ജോലിയില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌നേഹത്തിനും ആശങ്കയ്ക്കും സന്തോഷവും നന്ദി.

കൊച്ചിയില്‍ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കെയാണ് പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെച്ചു. ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.

Read more