‘അച്ഛന്‍, 24 വര്‍ഷങ്ങള്‍’, മരണം കെടുത്താത്ത പൗരുഷം, മലയാളിയുടെ മനസ്സില്‍ ഇപ്പോഴും..മായാതെ മറയാതെ… ഓര്‍മ്മപൂക്കള്‍

നടന്‍ സുകുമാരന്‍ ഓര്‍മ്മയായിട്ട് 24 വര്‍ഷം. എഴുപതുകളില്‍ മലയാള സിനിമയിലേക്ക് ധിക്കാരിയായ ചെറുപ്പക്കാരനായി കടന്നുവന്ന സുകുമാരന്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയമാണ്. താരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് കുടുംബവും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

ഒറ്റവരി ക്യാപ്ഷന്‍ ആണ് പൃഥ്വിരാജ് അച്ഛന്‍ സുകുമാരന്റെ ഫോട്ടോ പങ്കുവച്ച് കുറിച്ചത്. ”അച്ഛന്‍, 24 വര്‍ഷങ്ങള്‍” എന്നാണ് പൃഥ്വിരാജിന്റെ കുറിച്ചത്. സുകുമാരനെ അനുസ്മരിച്ച് കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

”മരണം കെടുത്താത്ത പൗരുഷം, മലയാളിയുടെ മനസ്സില്‍ ഇപ്പോഴും..മായാതെ മറയാതെ… ഓര്‍മ്മപൂക്കള്‍” എന്നാണ് നടന്‍ എം.ബി പദ്മകുമാര്‍ കമന്റായി കുറിച്ചത്. ”സിനിമയെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും മറക്കാന്‍ കഴിയാത്ത നല്ല കൂട്ടുകാരന്‍” എന്നാണ് മറ്റൊരു കമന്റ്.

1997 ജൂണ്‍ 16ന് ആണ് സുകുമാരന്‍ വിട വാങ്ങിയത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയ സുകുമാരന്റെ തുടക്കം കോളജ് അധ്യാപകനായാണ്. എംടിയുടെ നിര്‍മാല്യത്തില്‍ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

ശംഖുപുഷ്പം എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. വളര്‍ത്തുമൃഗങ്ങള്‍, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, ശാലിനി എന്റെ കൂട്ടുകാരി ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഇരുന്നൂറ്റി അന്‍പതോളം ചിത്രങ്ങളില്‍ സുകുമാരന്‍ വേഷമിട്ടിട്ടുണ്ട്.