'അന്ധാദുന്‍' മലയാളം റീമേക്ക്: പൃഥ്വിരാജ് നായകന്‍, ഒപ്പം മംമ്തയും അഹാന കൃഷ്ണയും

ദേശീയ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ ബോളിവുഡ് ചിത്രം “അന്ധാദുന്‍” മലയാളത്തിലും റീമേക്ക് ചെയ്യുന്നു. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത ചിത്രം പ്രശ്‌സത ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന്‍ ആണ് മലയാളത്തിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച നായക കഥാപാത്രമായി നടന്‍ പൃഥ്വിരാജ് വേഷമിടും.

തബു അവതരിപ്പിച്ച സിമി സിന്‍ഹ എന്ന കഥാപാത്രമായി മംമ്ത മോഹന്‍ദാസും, രാധിക ആപ്‌തെയുടെ നബാ നടേഷ് എന്ന കഥാപാത്രമായി അഹാന കൃഷ്ണയും വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയകാല നടന്‍ ശങ്കര്‍ ഈ ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മിന്‍സാരക്കനവ്, കണ്ണെഴുതി പൊട്ടും തൊട്ട്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ദില്‍ ചാഹ്താ ഹെ, കോയി മില്‍ ഗയ, ഗജിനി തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചയാളാണ് രവി കെ. ചന്ദ്രന്‍. അന്ധാദുന്‍ ചിത്രത്തിന്റെ തെലുങ്ക്, തമിഴ് റീമേക്കുകള്‍ ഒരുങ്ങുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അന്ധാദുന്‍. മികച്ച ഹിന്ദി ചിത്രം, മികച്ച അവലംബിത തിരക്കഥ എന്നീ ദേശീയ പുരസ്‌ക്കാരങ്ങളും, ചിത്രത്തിലെ പ്രകടനത്തിന് ആയുഷ്മാന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും നേടി.