കുഞ്ഞു 'പൃഥ്വി'ക്ക് ജന്മദിനാശംസകളുമായി പൃഥ്വിരാജ്‌

ആരാധകരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ പൃഥ്വിരാജ്. ആരാധകന്റെ മകന്‍ പൃഥ്വിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പൃഥ്വിരാജിന്റെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. സുഹൈല്‍ എന്ന ആരാധകന്‍ മകന്റെ ഒന്നാം പിറന്നാളിന് ആശംസകള്‍ അറിയിക്കുമോ എന്ന ട്വീറ്റിനോടാണ് പൃഥ്വിരാജ് പ്രതികരിച്ചത്.

“”രാജുവേട്ടാ എന്റെ മോന്‍ പൃഥിയുടെ ഫസ്റ്റ് ബര്‍ത്ത്‌ഡേയാണ് ഇന്ന് ഏട്ടന്റെ കൈയില്‍ നിന്ന് ഒരു വിഷ് കിട്ടിയാല്‍ എനിക്കും എന്റെ കുടുംബത്തിനും വളരെയധികം സന്തോഷം ഉണ്ടാകും ഏട്ടനോടുള്ള ഇഷ്ടം ഒന്ന്‌കൊണ്ട് മാത്രമാണ് ഞാന്‍ എന്റെ മകന് പൃഥ്വി എന്ന പേര് നല്‍കിയത്”” എന്നാണ് മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹൈല്‍ ട്വീറ്റ് ചെയ്തത്.

പിന്നാലെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ആശംസകളുമായി താരവും എത്തി. “ജന്മദിനാശംസകള്‍ പൃഥ്വി. നീ വളര്‍ന്ന് വലുതായി നിന്റെ മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെ” എന്നായിരുന്നു പൃഥ്വിരാജിന്റെ ട്വീറ്റ്. ഇതോടെ കുഞ്ഞു പൃഥ്വിക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയത്.

നേരത്തെ മറ്റൊരു കുഞ്ഞ് ആരാധികയുടെ വീഡിയോയും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിന്റെ ചിത്രമുള്ള കേക്ക് വേണം എന്ന് വാശിപിടിച്ച കുഞ്ഞാരാധിക ആമിയുടെ വീഡിയോ ആയിരുന്നു പൃഥ്വിരാജ് പങ്കുവെച്ചത്.