'നിങ്ങളുടെ ടീച്ചര്‍ പറഞ്ഞത് നുണയാണ്'; പ്രിന്‍സിപ്പാളിനെ തിരുത്തി കുട്ടികളെ ചിരിപ്പിച്ച് പൃഥ്വിരാജ്

എന്‍ജിനീയറിങ് ബിരുദധാരി ആണെന്ന് പരിചയപ്പെടുത്തി വേദിയിലേക്ക് ക്ഷണിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ തിരുത്തി സദസ്സില്‍ ചിരിപടര്‍ത്തി നടന്‍ പൃഥ്വിരാജ്. തന്റെ പുതിയ ചിത്രമായ “ഡ്രൈവിംഗ് ലൈസന്‍സ്” ലൊക്കേഷനായിരുന്ന സ്‌കൂളില്‍ ആര്‍ട്‌സ് ഡേ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.

ചടങ്ങിലേക്ക് എഞ്ചിനീയറിങ് ബിരുദധാരി ആണെന്ന് പരിചയപ്പെടുത്തി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പൃഥ്വിയെ വേദിയിലേക്ക് ക്ഷണിച്ചു. വേദിയിലെത്തിയ പൃഥ്വി പറഞ്ഞത് ഇങ്ങനെ, “നിങ്ങടെ ടീച്ചര്‍ പറഞ്ഞത് നുണയാണ്. ഞാന്‍ വെറും പന്ത്രണ്ടാം ക്ലാസ് ആണ്.” ഇത് എല്ലാവരിലും ചിരിപടര്‍ത്തി. പിന്നീടുള്ള പൃഥ്വിയുടെ വാക്കുകള്‍ കുട്ടികള്‍ക്കു വേണ്ടിയായിരുന്നു.

“എല്ലാവരും മിടുക്കന്മാരും മിടുക്കികളുമാണ്. ഇന്നല്ലങ്കില്‍ നാളെ നിങ്ങളുടെ ഉള്ളിലെ കഴിവ് നിങ്ങള്‍ തിരിച്ചറിയും. നിങ്ങളെ പഠിപ്പിക്കുന്ന പാഠങ്ങള്‍ക്ക് അപ്പുറം, നിങ്ങള്‍ക്ക് സ്വയം പഠിക്കാന്‍ സാധിക്കുന്ന ചില പാഠങ്ങള്‍ ഉണ്ട്. അത് പഠിക്കാന്‍ മറക്കാതിരിക്കുക.” പൃഥ്വി പറഞ്ഞു.

Read more

പൃഥ്വിരാജ് ജീന്‍ പോള്‍ ലാല്‍ ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ആഡംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നതെന്നാണ് പ്രാഥമിക സൂചന. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അലക്സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.