ഡ്രൈവിംഗ് ലൈസന്‍സിലെ വിവാദ ഡയലോഗ്; കോടതിയില്‍ മാപ്പ് പറഞ്ഞ് പൃഥ്വിരാജ്

ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയില്‍ ഒരു സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ ചിത്രത്തിലെ നായകനായ പൃഥിരാജ് മാപ്പ് പറഞ്ഞു. സിനിമയില്‍ സ്ഥാപനത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുമ്പാകെയാണ് പൃഥിരാജ് ഖേദപ്രകടനം നടത്തിയത്. സ്ഥാപനത്തെക്കുറിച്ചുള്ള മോശം പരാമര്‍ശം സിനിമയില്‍നിന്ന് നീക്കം ചെയ്തുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഹരീന്ദ്രന്‍ എന്ന കഥാപാത്രം ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു തിരക്കഥ കാണാനിടയാവുകയും ഇതില്‍ താന്‍ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ ഇതേ സ്ഥാപനത്തെക്കുറിച്ച് മോശം പരാമര്‍ശവും നടത്തുന്നുമുണ്ട്. ഇതേത്തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ക്രിസ്മസ് റിലീസ് ആയി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസെന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജ് സുകുമാരന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്.