'എന്തു വന്നാലും നാദിര്‍ഷ ഈ സിനിമയുമായി മുന്നോട്ടു പോകണം, കലഹശ്രമത്തിന് പിന്നിലുള്ളവരെ ശിക്ഷിക്കണം'

നാദിര്‍ഷായുടെ ‘ഈശോ’യ്ക്ക് പിന്തുണയുമായി വൈദികനും സംവിധായകനുമായ ഫാ. വര്‍ഗീസ് ലാല്‍. സിനിമയ്ക്ക് ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനും കലാപം സൃഷ്ടിക്കാനും ശ്രമിക്കുന്നതിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കണമെന്നും ശിക്ഷിക്കണമെന്നും ഫാ. വര്‍ഗീസ് ലാല്‍ പറയുന്നു.

എന്തു വന്നാലും നാദിര്‍ഷാ ഈ സിനിമയുമായി മുന്നോട്ടു പോകണം. വര്‍ഷങ്ങളായി കേരളീയ സമൂഹത്തില്‍ കലാപരമായ ഇടപെടലുകള്‍ നടത്തി കൊണ്ടിരിക്കുന്ന അദ്ദേഹത്തെ പൊടുന്നനെ ഒരു വര്‍ഗീയവാദിയായി ചിത്രീകരിക്കേണ്ടതില്ല. അദ്ദേഹം ഇതിനു മുമ്പ് പുറത്തിറക്കിയ സിനിമകളില്‍ ക്രിസ്തുവിനെ ഏതെങ്കിലും തരത്തില്‍ അപമാനിക്കുന്നതായ യാതൊന്നുമില്ല.

ക്രിസ്തുവിന്റെ പേര് ക്രിസ്ത്യാനി മാത്രവും ഹിന്ദുവിന്റെ പേര് ഹിന്ദുക്കളും മുസല്‍മാന്റെ പേര് മുസ്ലിങ്ങളും മാത്രം ഉപയോഗിച്ചാല്‍ മതി എന്ന തരത്തില്‍ മതത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ഫാ. വര്‍ഗീസ് ലാല്‍ പറയുന്നു.

ഈശോ എന്ന സിനിമയുടെ പേര് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണമാണ് ഉയര്‍ന്നത്. ചില ക്രൈസ്തവ വിശ്വാസികളും പി.സി ജോര്‍ജും, കെസിബിസി, കത്തോലിക്ക കോണ്‍ഗ്രസ് എന്നീ സംഘടനകളും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ല എന്നാണ് പി.സി ജോര്‍ജ് പ്രതികരിച്ചത്.