വിശ്വജിത്തിന്റെ മറാത്തി ചിത്രത്തിലെ ഗാനത്തിന് ശങ്കര്‍ മഹാദേവന്റെ ശബ്ദം; ‘പ്രീത’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

Advertisement

പ്രശസ്ത ഗായകന്‍ ശങ്കര്‍ മഹാദേവന്‍ ആലപിച്ച മറാത്തി ചിത്രം ‘പ്രീത’ത്തിലെ ആദ്യ ഗാനം പുറത്ത്. നവാഗതനായ സിജോ റോക്കി സംവിധാനം ചെയ്യുന്ന പ്രീതം ചിത്തിനായി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് മലയാളിയായ വിശ്വജിത്താണ്. ദേശീയ പുരസ്‌കാര ജേതാവ് ഗുരു താക്കുര്‍ എഴുതിയ ”തുജ രുപ” എന്നുതുടങ്ങുന്ന ഗാനം സീ മ്യൂസിക്‌സാണ് പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തില്‍ മൂന്ന് ഗാനങ്ങളാണ് ഉള്ളത്. ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന് മലയാളി സംഗീതം ഒരുക്കുന്നത്. വീരാളിപ്പാട്ട്, ഫുക്രി, ക്യാപ്റ്റന്‍ തുടങ്ങി ഇരുപത്തിയഞ്ചോളാം ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ വിശ്വജിത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഷൈന്‍ ടോം ചാക്കോ ചിത്രമായ തമി ചിത്രത്തിലെ ഗാനവും ഏറെ ശ്രേദ്ധ നേടിയിരുന്നു.

നിരവധി ടെലിവിഷന്‍ പരിപാടികള്‍ക്കും പരസ്യചിത്രങ്ങള്‍ക്കും സംഗീതം ഒരുക്കിയിട്ടുള്ള വിശ്വജിത്തിന് മൂന്ന് തവണ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മുംബൈ കേന്ദ്രീകരിച്ചു നിരവധി പരസ്യ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സിജോ റോക്കിയുടെ ആദ്യ ചിത്രമാണ് പ്രീതം. വിസാര്‍ഡ് പ്രൊഡക്ഷന്‍സ് ഒരുക്കിയ ചിത്രം ഈ മാസം 19ന് തിയേറ്ററുകളില്‍ എത്തും.

പ്രണവ് റാവോറാനെ, ഉപേന്ദ്ര ലിമി, നക്ഷത്ര മെധേകര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഫൈസല്‍ നിതിന്‍ സിജോ നിര്‍മ്മിക്കുന്ന ചിത്രത്തിന് സുജിത് കുറുപ്പ് ആണ് തിരക്കഥ ഒരുക്കുന്നത്. ഓം നാരായണന്‍ ഛായാഗ്രഹണവും ജയന്ത് ജതാര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.