കാരി ബാഗിന്റെ ചക്രം ഉപയോഗശൂന്യം, ഡ്രൈവറെ ബുദ്ധിമുട്ടിക്കാതെ സ്വയം ചുമന്ന് പ്രണവ് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകനായിട്ടും ലളിതമായ ജീവിത രീതികൊണ്ടും എളിമകൊണ്ടും ശ്രദ്ധേയനായ താരമാണ് പ്രണവ് മോഹന്‍ലാല്‍. ഇപ്പോഴിതാ ഒരിക്കല്‍ കൂടി പ്രണവിന്റെ ജാഡയില്ലാ പ്രവര്‍ത്തിയ്ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും. ചെന്നൈ എയര്‍പോര്‍ട്ടില്‍ വലിയ കാരിബാഗും ചുമന്ന് ഡ്രൈവര്‍ക്കൊപ്പം പോകുന്ന പ്രണവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കാരി ബാഗിന്റെ ചക്രം ഉപയോഗശൂന്യമായതിനാല്‍ ഡ്രൈവര്‍ക്ക് അത് കാറിലേക്കു കൊണ്ടുപോകുക ബുദ്ധിമുട്ടായിരുന്നു. തുടര്‍ന്ന് പ്രണവ് തന്നെ ആ ബാഗ് തോളിലെടുത്തു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു് പ്രണവ്.

കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്ത നിര്‍വഹിക്കുന്നു. സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്. തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം ഈ ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. മെറിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിര്‍മിക്കുന്നത്.