ഒമ്പത് ലക്ഷം കാഴ്ചക്കാര്‍, യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമത്; ശ്രദ്ധേയമായി ‘പ്രതി പൂവന്‍കോഴി’ ട്രെയിലര്‍

മഞ്ജു വാര്യര്‍ നായികയായെത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ‘പ്രതി പൂവന്‍കോഴി’യുടെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യത. ഞായറാഴ്ച പുറത്തെത്തിയ ട്രെയിലര്‍ ഒന്‍പത് ലക്ഷം കാഴ്ചക്കാരുമായി ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമതായി തുടരുകയാണ്. മാധുരി എന്ന സെയില്‍സ് ഗേള്‍ ആയാണ് മഞ്ജു ചിത്രത്തില്‍ വേഷമിടുന്നത്.

മാധുരിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ്. മുമ്പ് ‘പച്ചക്കുതിര’ എന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ സംവിധായകന്‍ എത്തിയിരുന്നു.

‘ഹൗ ഓള്‍ഡ് ആര്‍ യു’ ന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് പ്രതി പൂവന്‍കോഴി നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 20- ന് ചിത്രം തിയേറ്ററുകളിലെത്തും.