അന്ന് സ്ലാക്ക് ലൈനിലൂടെ... ഇന്ന് സുരക്ഷ സംവിധാനങ്ങൾ ഒന്നുമില്ലാതെ പാറയിൽ; ആരാധകരെ അത്ഭുതപ്പെടുത്തി താരപുത്രൻ

യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന താരപുത്രനാണ് പ്രണവ് മോഹൻലാൽ. പ്രണവിന്റെ പല സാഹസിക വീഡിയോകളും ആരാധകരെ അമ്പരപ്പിക്കുന്നതാണ്. അസാധ്യമായ മെയ് വഴക്കത്തോടെയുള്ള പ്രണവിന്റെ അഭ്യാസങ്ങള്‍ക്ക് എന്നും കയ്യടി ലഭിക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ക്ലൈംബിങ്ങ് ഷൂസ് മാത്രം ഉപയോ​ഗിച്ച് സുരക്ഷാ സംവിധാനങ്ങളുടെ സഹായങ്ങളില്ലാതെ വളരെ നിസാരമായി കൂറ്റന്‍ പാറയിലൂടെ കയറുന്ന പ്രണവിനേയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. കേരള ബോക്സ് ഓഫീസ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോയില്‍ പ്രണവിന് കയ്യടി മാത്രമല്ല വിമര്‍ശനവും ഒരുപോലെ ലഭിക്കുന്നണ്ട്.

ചെക്കന് ഓരേ പൊളിയെന്നും സിനിമയേക്കാള്‍ താത്പര്യം ഇത്തരം കാര്യങ്ങളോടാണെന്നുമാണ് കമന്റ്. എന്നാല്‍ സുരക്ഷ സംവിധാനങ്ങളുടെ അഭാവത്തിലുള്ള അഭ്യാസം അപകടകരമാണെന്നും ചിലര്‍ പറയുന്നു.നേരത്തെ ശരീരം ബാലൻസ് ചെയ്ത് സ്ലാക് ലൈനിലൂടെ കൂളായി നടക്കുന്ന പ്രണവിന്റെ ഒരു വീഡിയോയും സോഷ്യൽ മിഡീയയിൽ വൈറലായിരുന്നു.

പാര്‍ക്കൗര്‍, സര്‍ഫിങ് തുടങ്ങിയ അഭ്യാസപ്രകടനങ്ങളില്‍ പ്രണവ് പരിശീലനം നേടിയിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹൃദയമാണ് പ്രണവ് അവസാനമായി അഭിനയിച്ച ചിത്രം.