സിനിമാ ചിത്രീകരണത്തിനിടെ അപകടം; നടന്‍ പ്രകാശ് രാജിന് പരിക്ക്

തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം. നടന്‍ പ്രകാശ് രാജിന് പരിക്ക്. ധനുഷ് നായകനാവുന്ന ‘തിരുചിട്രംബല’ത്തിന്റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്നും ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് പോവുകയാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

വീഴ്ചയില്‍ കൈയിലാണ് പ്രകാശ് രാജിനു പരിക്കേറ്റത്. ചെന്നൈയില്‍ തന്നെയുള്ള ഒരു ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയെങ്കിലും പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ: ഗുരവ റെഡ്ഡിയാണ് പ്രകാശ് രാജിനെ ചികിത്സിക്കുക. അവിടെ അദ്ദേഹം ശസ്ത്രക്രിയക്കു വിധേയനാവും.

ഞാന്‍ സുഖപ്പെടും, വിഷമിക്കാന്‍ ഒന്നുമില്ല, നിങ്ങളുടെ ആലോചനകളില്‍ എന്നെ ഉള്‍പ്പെടുത്തുക’, എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

നെറ്റ്ഫ്‌ളിക്‌സിന്റെ തമിഴ് ആന്തോളജി ചിത്രം ‘വരസ’യില്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘എതിരി’യാണ് പ്രകാശ് രാജിന്റേതായി അവസാനം പുറത്തെത്തിയ ചിത്രം. ധനുഷിന്റെ തിരുചിട്രംബലം കൂടാതെ വരാനിരിക്കുന്ന പല പ്രധാന പ്രോജക്റ്റുകളിലും അദ്ദേഹം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.