"ആരാധകര്‍ക്കായി ഹിന്ദിയില്‍ ഒരു വാക്ക്..", 'സാഹോ'യുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടിയില്‍ പ്രഭാസിന്റെ കിടിലന്‍ മറുപടി

ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷൻ രംഗങ്ങളാണ് പ്രഭാസ് നായകനായെത്തുന്ന “സാഹോ”യുടെ ട്രെയ്‌ലറിന്റെ പ്രധാന ആകർഷണം. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ പ്രഭാസിന്റെ രസകരമായ മറുപടികളാണ് ഇപ്പോൾ വൈറലാവുന്നത്. ആരാധകർക്കായി ഹിന്ദിയിൽ എന്തെങ്കിലും പറയാൻ ആവശ്യപ്പെട്ടപ്പോൾ “ജയ്ഹിന്ദ്” എന്ന് മറുപടി പറഞ്ഞാണ് താരം കൈയ്യടി നേടിയത്.

ഹിന്ദി എഴുതാനും വായിക്കാനുമറിയാം എന്നാൽ പറയാൻ അറിയില്ലെന്ന് താരം വ്യക്തമാക്കി. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായ ശ്രദ്ധ കപൂർ, നീൽ നിതിൻ മുകേഷ്, ജാക്കി ഷെറോഫ്, ചങ്കി പാണ്ഡെയ്, മഹേഷ് മഞ്ജറേക്കർ, മന്ദിര ബേദി എന്നിവരും ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തിരുന്നു.

റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് ആണ് സംവിധാനം. യുവി ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ഹോളിവുഡ് ആക്ഷൻ കോ-ഓർഡിനേറ്റർ കെന്നി ബേറ്റ്‌സാണ് ആക്ഷൻ കൊറിയോഗ്രാഫർ. ബാഹുബലിയുടെ ആർട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകൻ. ചിത്രം ആഗസ്റ്റ് 30ന് തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും.