പ്രഭാസിന്റെ ‘സാഹോ’ എത്താന്‍ വൈകും; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു

ബാഹുബലിയ്ക്ക് ശേഷം നടന്‍ പ്രഭാസ് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘സാഹോ’യുടെ റിലീസ് നീട്ടി. ഓഗസ്റ്റ് 30 നെ ചിത്രം തിയേറ്ററുകളിലെത്തു. നേരത്തെ ചിത്രം ഓഗസ്റ്റ് 15 ന്  റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് റിലീസ് നീട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം.

300 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമയുടെ സംവിധായകന്‍ സുജിത് റെഡ്ഡിയാണ്. ശ്രദ്ധ കപൂറാണ് പ്രഭാസിന് നായികയായി എത്തുന്നത് .വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

യുവി ക്രിയേഷന്റെ ബാനറില്‍ വാംസി പ്രമോദാണ് ബിഗ് ബജറ്റ് നിര്‍മ്മിക്കുന്നത്. പ്രമുഖ സംഗീത സംവിധായകന്‍ ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ആക്ഷന്‍ ഡയറക്ടര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു.