പൊറിഞ്ചു മറിയം ജോസ്; ജോഷി ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ജോഷി ഒരുക്കുന്ന പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തും. പൊറിഞ്ചുവായി ജോജുവും മറിയമായി നൈലയും ജോസായി ചെമ്പന്‍ വിനോദുമാണ് അഭിനയിക്കുന്നത്. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷി ഒരു സിനിമ സംവിധാനം ചെയ്യുന്നത്. 2015ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈലയാണ് ജോഷി അവസാനം സംവിധാനം ചെയ്തത്.

ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് വിതരണത്തിനെത്തിക്കുക.