വൈല്‍ഡ്, ക്രേസി, റോ; ചിതറിക്കാന്‍ ‘പൊറിഞ്ചു മറിയം ജോസ്’ നാളെ മുതല്‍

ജോഷി ഒരുക്കുന്ന മെഗാ മാസ് എന്റര്‍ടെയ്നര്‍ പൊറിഞ്ചു മറിയം ജോസ് നാളെ മുതല്‍ തിയേറ്ററുകളില്‍. ടൈറ്റില്‍ കഥാപാത്രങ്ങളായി ജോജു ജോര്‍ജ്ജ് (കാട്ടാളന്‍ പൊറിഞ്ചു), നൈല ഉഷ (മറിയം), ചെമ്പന്‍ വിനോദ് (ജോസ്) എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്.

പള്ളിപ്പെരുന്നാളിനും ബാന്‍ഡ് മേളത്തിനുമിടയില്‍ അടിപിടിയും തര്‍ക്കവും തല്ലുമായി നടക്കുന്ന ആളുകളാണ് പൊറിഞ്ചുവും പുത്തന്‍ പള്ളി ജോസും. മുറുക്കും മദ്യപാനവുമൊക്കെയായി ആലപ്പാട്ട് തറവാട്ടില്‍ നിന്ന് ചന്തക്കടവിന്റെ നിയന്ത്രണം ഏറ്റെടുത്തയാളാണ് നൈലാ ഉഷയുടെ മറിയം. കൊടുങ്ങല്ലൂരിലും തൃശൂരിലുമായാണ് സിനിമ ചിത്രീകരിച്ചത്.നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണിത്. 2015-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈലയാണ് ജോഷി അവസാനം സംവിധാനം ചെയ്തത്.

Image may contain: one or more people and text

അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചു മറിയം ജോസ് ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.