അന്ന് ആടുതോമയെ കുത്തി വീഴ്ത്തിയ ‘തൊരപ്പന്‍ ബാസ്റ്റിന്‍’, ഇന്ന് ഫഹദിന്റെ അപ്പന്‍ ‘പനച്ചേല്‍ കുട്ടപ്പന്‍’

Advertisement

ജോജി സിനിമയില്‍ ഫഹദ് ഫാസിലിന്റെ അപ്പനായി വേഷമിട്ട കുട്ടപ്പന്‍ ചേട്ടന്‍ എന്ന പി.കെ പനച്ചേല്‍ കൈയടി നേടുകയാണ്. പരുക്കനായ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് നടന്‍ പി. എന്‍ സണ്ണി. എന്നാല്‍ ഈ നടനെ നേരത്തെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന സംശയമാണ് പ്രേക്ഷകര്‍ക്ക്. ഇത് തന്നെയാണ് തൊരപ്പന്‍ ബാസ്റ്റിന്‍.

പൂക്കോയ തങ്ങള്‍ ഇറക്കുമതി ചെയ്ത വാടകഗുണ്ട, ആടുതോമയെ കുത്തി വീഴ്ത്തിയ അതേ തൊരപ്പന്‍ ബാസ്റ്റിന്‍ തന്നെ. ഭദ്രന്‍ ചിത്രം സ്ഫടികത്തില്‍ തൊരപ്പന്‍ ബാസ്റ്റിന്‍ ആയി വേഷമിട്ട പി. എന്‍ സണ്ണിയാണ് പനച്ചേല്‍ കുട്ടപ്പന്‍ എന്ന കഥാപാത്രമായി വേഷമിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനുമായുള്ള പരിചയമാണ് പി.എന്‍. സണ്ണിയെ ജോജിയില്‍ എത്തിച്ചത്. വാകത്താനം സ്വദേശിയായ പി.എന്‍ സണ്ണി ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലും ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ശ്യാം പുഷ്‌ക്കരനുമായി പരിചയത്തിലാകുന്നത് എന്നാണ് സണ്ണി വനിത ഓണ്‍ലൈനോട് പറയുന്നത്.

കോട്ടയം പൊലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന കാലത്താണ് സണ്ണി സ്ഫടികത്തില്‍ അഭിനയിക്കുന്നത്. ഹൈവേ, സ്വസ്ഥം ഗൃഹഭരണം, അന്‍വര്‍, അശ്വാരൂഢന്‍, ഡബിള്‍ ബാരല്‍ തുടങ്ങി 25 ഓളം സിനിമകളില്‍ സണ്ണി അഭിനയിച്ചിട്ടുണ്ട്.