കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും മന്‍മോഹന്‍ സിങ്ങിനെയും പരിഹസിച്ച് മോദി; പി. എം നരേന്ദ്രമോദിയുടെ പുതിയ ട്രെയിലര്‍

കലാപത്തില്‍ പെട്ടവരെ ആശ്വസിക്കുന്ന പി.എം മോദിയുടെ ട്രെയിലര്‍ വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമാണ് ഇട വരുത്തിയത്. ഇപ്പോഴിതാ കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും പരിഹസിക്കുന്ന പുതിയ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് അടുത്ത ദിവസമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വിവേക് ഒബ്രോയിയാണ് ചിത്രത്തില്‍ മോദിയായി എത്തുന്നത്. സാധാരണ ചായയടിക്കാരന്‍ എങ്ങിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന സംഭാഷണങ്ങള്‍ അടങ്ങിയതാണ് ട്രെയിലര്‍. മന്‍മോഹന്‍സിങ്ങ് പ്രധാനമന്ത്രിയായിരുന്നപ്പോഴുള്ള രാഷ്ട്രീയ അവസ്ഥയെ ചിത്രത്തില്‍ പരിഹസിക്കുകയും കോണ്‍ഗ്രസ് പാര്‍ട്ടിയെ ട്രോളുകളും ചെയ്യുന്നുണ്ട്.

സോണിയാ ഗാന്ധി, മന്‍മോഹന്‍സിങ്ങ്, അമിത് ഷാ, അംബാനി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മനോജ് ജോഷിയാണ് ചിത്രത്തില്‍ അമിത് ഷായുടെ റോളില്‍ എത്തുന്നത്. ഒമുങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോദിയുടെ ചെറുപ്പകാലം മുതല്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതു വരെയുള്ള വിഷയങ്ങളാണ് സിനിമയില്‍ പറയുന്നത്. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.