'എന്തിനാ ഉണ്ണിമായയെ അവിടെ കേറ്റിയത്, ഒപ്പന പാടാന്‍ അയിഷ ബീവിയോട് പറയാമല്ലോ'; മണിയറയിലെ അശോകനിലെ പാട്ടിന് എതിരെയും പി.സി ജോര്‍ജ്

ഈശോ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വീണ്ടും വര്‍ഗീയ പരാമര്‍ശങ്ങളുമായി പി.സി ജോര്‍ജ്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ ഗാനത്തിന് എതിരെയാണ് പി.സി വിദ്വേഷ പരാമര്‍ശം നടത്തിയത്. മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്ന ഗാനത്തിന് എതിരെയാണ് പി.സി പ്രതികരിച്ചത്.

ഈ പാട്ടിലെ ‘തഞ്ചത്തില്‍ ഒപ്പന പാടി വായോ’ എന്ന വരിക്ക് എതിരെയാണ് പി.സി സംസാരിച്ചത്. ഉണ്ണിമായ ഹിന്ദുസ്ത്രീയാണ്. ആ സ്ത്രീയോട് ഒപ്പന പാടി വരാന്‍ പറഞ്ഞാല്‍ എന്താണ് മനുഷ്യന്‍ മനസിലാക്കേണ്ടത്. അത് എഴുതിയത് ഷിഹാബ് ആണ്. പാട്ടിന്റെ ഭംഗിക്ക് വേണ്ടി എഴുതിയതാണ് എന്നൊക്കെ പറയുമായിരിക്കും.

‘മൊഞ്ചത്തിപ്പെണ്ണേ അയിഷാ ബീവി. തഞ്ചത്തില്‍ ഒപ്പന പാടി വായോ’ എന്നെഴുതാമായിരുന്നല്ലോ. എന്തിനാ ഉണ്ണിമായയെ കേറ്റിയതവിടെ? അതൊക്കെയാ കുഴപ്പം,’ പി.സി ജോര്‍ജ് ഒരു ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞു. അതേസമയം, ഈശോ എന്ന പേരില്‍ സിനിമ പുറത്തിറക്കാന്‍ അനുവദിക്കില്ല എന്നിങ്ങനെ വിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ ആയിരുന്നു പി.സി സിനിമയ്ക്കെതിരെ നടത്തിയത്.

Read more

ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. നാദിര്‍ഷായെയും കൂട്ടരെയും താന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും വിടില്ല എന്നും പി.സി പറഞ്ഞിരുന്നു.