പവന്‍ കല്യാണിനെ അഭിനന്ദിച്ച് അനുപമ പരമേശ്വരന്‍, ട്വീറ്റ് വിവാദത്തില്‍; നടിക്ക് എതിരെ ആരാധകര്‍

നടി അനുപമ പരമേശ്വനെതിരെ പവന്‍ കല്യാണ്‍ ആരാധകര്‍. പവന്‍ കല്യാണിന്റെ ‘വക്കീല്‍ സാബ്’ എന്ന ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുള്ള അനുപമയുടെ ട്വീറ്റാണ് വിവാദത്തിലായത്. പവന്‍ കല്യാണിന്റേത് കരുത്തുറ്റ കഥാപാത്രമാണ് എന്ന് പറഞ്ഞാണ് ട്വീറ്റ് ആരംഭിച്ചത്. ചിത്രത്തില്‍ വേഷമിട്ട നിവേദ, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നിവര്‍ക്കെല്ലാം താരം അഭിനന്ദനം അറിയിച്ചു.

ട്വീറ്റില്‍ പ്രകാശ് രാജിനെ സര്‍ എന്ന് അഭിസംബോധന ചെയ്തപ്പോള്‍, പവന്‍ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്നാണ് അനുപമയ്‌ക്കെതിരെ പവന്‍ കല്യാണ്‍ ആരാധകര്‍ ഉയര്‍ത്തിയ ആരോപണം. നടനും ജനസേന പാര്‍ട്ടി സ്ഥാപകനുമായ പവന്‍ കല്യാണ്‍ ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയാണെന്നും ആരാധകര്‍ വ്യക്തമാക്കി.

പിന്നാലെ ക്ഷമ പറഞ്ഞ് അനുപയുടെ അടുത്ത ട്വീറ്റ് എത്തി. പവന്‍ കല്യാണ്‍ ഗാരുവിനോട് ഒരുപാട് ബഹുമാനവും സ്‌നേഹവും ഉണ്ടെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേക്കാണ് പവന്‍ കല്യാണ്‍ കേന്ദ്ര കഥാപാത്രമായ വക്കീല്‍ സാബ്.

പിങ്കില്‍ അമിതാബ് ബച്ചന്‍ അവതരിപ്പിച്ച വക്കീല്‍ കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തമിഴ് റീമേക്ക് നേര്‍കൊണ്ട പാര്‍വൈയില്‍ അജിത്ത് ആയിരുന്നു കേന്ദ്ര കഥാപാത്രമായി എത്തിയത്.