പുതിയ കളികളുമായി പത്മനാഭന്റെ മണ്ണിലേക്ക് ‘പട്ടാഭിരാമന്‍’; ആടുപുലിയാട്ടത്തിനും അച്ചായന്‍സിനും ശേഷം കണ്ണന്‍ താമരക്കുളത്തിനൊപ്പം ജയറാം

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി ജയറാം. ആടുപുലിയാട്ടത്തിനു ശേഷം ജയറാം-ഷീലു ജോടികള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. പട്ടാഭിരാമന്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രം അയ്യര്‍ ദി ഗ്രേറ്റ് എന്ന വിശേഷണത്തോടെയാണ് എത്തുന്നത്.

ജയറാമിനെ കൂടാതെ ബൈജു സന്തോഷും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നു. ഒപ്പം ഹരീഷ് കണാരന്‍, ധര്‍മജന്‍, രമേശ് പിഷാരടി, നന്ദു, സായികുമാര്‍, തമിഴ് നടന്‍ മഹീന്ദ്രന്‍, പ്രജോദ് കലാഭവന്‍, മിയ, ഷീലു എബ്രഹാം, ഷംന കാസിം, പാര്‍വതി നമ്പ്യാര്‍, ലെന, തെസ്നിഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ആടുപുലിയാട്ടത്തിനു ശേഷം ജയറാം-ഷീലു ജോടികള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് എം ജയചന്ദ്രനാണ് സംഗീതം പകരുന്നത്. പട്ടാഭിരാമന്റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരമാണ്. സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചും സിനിമയുടെ പ്രമേയം എന്താണെന്നുള്ളതിനെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരും. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത നാല് സിനിമകളില്‍ മൂന്നെണ്ണത്തിലും നായകന്‍ ജയറാമായിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ശേഷം ആട് പുലിയാട്ടം, അച്ചായന്‍സ് എന്നീ സിനിമകളും ഇതേ കൂട്ടുകെട്ടില്‍ റിലീസിനെത്തി. ഉണ്ണി മുകുന്ദന്‍ നായകനായ ചാണക്യതന്ത്രമാണ് കണ്ണന്‍ താമരക്കുളം അവസാനമായി ഒരുക്കിയ ചിത്രം.