ട്രെയിലര്‍ പോലും എത്തിയില്ല; പത്താന്റെ ഒ.ടി.ടി അവകാശത്തിന് കിട്ടിയത് വമ്പന്‍ തുക

ഷാരൂഖ് ചിത്രം ‘പത്താന്റെ’ ഡിജിറ്റല്‍ അവകാശം വിറ്റ് പോയത് റെക്കോര്‍ഡ് തുകയ്ക്ക്. 200കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷന്‍സ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

2023 ജനുവരി 25 നാണ് പത്താന്‍ തിയേറ്ററുകളില്‍ എത്തുന്നത്. നാല് വര്‍ഷത്തിന് ശേഷം റിലീസിന് ഒരുങ്ങുന്ന ഷാരൂഖ് ചിത്രമാണ് പത്താന്‍. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു.

സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. ചിത്രത്തിലെ ഷാരൂഖിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണ് പത്താന്‍. ‘സീറോ’ എന്ന ആനന്ദ് എല്‍ റായ് ചിത്രമാണ് ഷാറൂഖ് ഖാന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്‌ക ഷര്‍മ്മ എന്നിവരായിരുന്നു നായികമാര്‍.