പാഷാണം ഷാജി സംവിധാനത്തിലേക്ക്; ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ 'പാണാവള്ളി പാണ്ഡവാസ്'

ഹാസ്യതാരം പാഷാണം ഷാജി (സാജു നവോദയ) സംവിധായകനാകുന്നു. ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന “പാണാവള്ളി പാണ്ഡവാസ്” എന്ന ചിത്രത്തിലൂടെയാണ് പാഷാണം ഷാജി സംവിധായകനായി അരങ്ങേറുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും ഷാജിയാണ്.

പാണാവള്ളി പാണ്ഡവാസ്, കാക്കത്തുരുത്ത് സെവന്‍സ് എന്നീ സെവന്‍സ് ഫുട്ബാള്‍ ടീമുകളുടെ കിടമത്സരത്തോടൊപ്പം ഒരു സൈക്കോ കില്ലറിന്റെ കഥ കൂടിയാണ് ചിത്രം പറയുന്നത്. സലിംകുമാര്‍, ഐ.എം. വിജയന്‍, സോഹന്‍ സീനുലാല്‍, നോബി എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് ആദ്യം ആരംഭിക്കും.

ചേര്‍ത്തലയ്ക്കടുത്ത് പാണാവള്ളിയും കമ്പവും തേനിയും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശെല്‍വകുമാറാണ്. അനുരാഗ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്.