സിദ്ധാര്‍ഥ് ശിവ ചിത്രത്തില്‍ നായിക പാര്‍വതി; ‘വര്‍ത്തമാന’ത്തിലൂടെ ആര്യാടന്‍ ഷൗക്കത്ത് വീണ്ടും സിനിമയിലേക്ക്

ഉയരെയ്ക്ക് പിന്നാലെ പാര്‍വതിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്ന സിനിമയിലാണ് പാര്‍വതി പ്രധാനവേഷത്തിലെത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ആര്യാടന്‍ ഷൗക്കത്ത് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. കഥ, തിരക്കഥ എന്നതിനൊപ്പം നിര്‍മാണത്തിലും ഷൗക്കത്ത് പങ്കാളിയാവുന്നുണ്ട്. ചിത്രം മിസൗറിയില്‍ ചിത്രീകരണം ആരംഭിച്ചു. ഡല്‍ഹിയും കേരളവുമാണ് പ്രധാന ലൊക്കേഷനുകള്‍.

ന്യൂഡല്‍ഹിയിലെ ക്യാംപസ് വിദ്യാര്‍ത്ഥികളിലൂടെ ഇന്ത്യയുടെ സമകാലിക പ്രശ്‌നങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്. പാര്‍വതിയും റോഷന്‍ മാത്യുവുമാണ് പ്രധാനവേഷത്തിലെത്തുന്നത്. പ്രൊഫര്‍ പൊതുവാള്‍ എന്ന കഥാപാത്രമായി സിദ്ധിഖും ചിത്രത്തിലെത്തുന്നുണ്ട്.

പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ സിനിമകള്‍ക്ക് ശേഷം ആര്യാടന്‍ ഷൗക്കത്ത് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ശിവയുടെ ഏഴാമത്തെ ചിത്രവും.