എംഎല്‍എ ആണെങ്കിലും വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച് വേണം; ഗണേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ പാര്‍വതി

Advertisement

നടി ഭാവനയ്‌ക്കെതിരെയുള്ള അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നടി പാര്‍വതി ഇതിനെ പരസ്യമായി വിമര്‍ശിക്കുകയും അമ്മ സംഘടനയില്‍ നിന്നും രാജി വയ്ക്കുകയും ചെയ്തിരുന്നു. നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ പ്രസ്താവനകളാണ് വീണ്ടും വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്.

കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ എന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രസ്താവന. പാര്‍വതിയെ അധിക്ഷേപിക്കുന്ന അഭിപ്രായമാണ് ഗണേഷ് കുമാറിന്റെതെന്ന് പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് പാര്‍വതി.

എംഎല്‍എ ആണെങ്കിലും വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച് വേണം എന്നാണ് പാര്‍വതി മീഡിയവണ്ണിലെ ചര്‍ച്ചക്കിടെ പ്രതികരിക്കുന്നത്. പൊതു സമൂഹത്തെ പ്രതിനിധികരിക്കുന്ന വ്യക്തിയാണ് എംഎല്‍എ, താന്‍ രാജി വെച്ചു പോയത് ടി.ആര്‍.പി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാന്‍ വേണ്ടിയാണ് എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞതെന്ന് പാര്‍വതി പറയുന്നു.

ഒരു പൗരന്‍ എന്ന നിലയില്‍ കാണിക്കേണ്ട ഉത്തരവാദിത്ത ബോധം പോലും ചിലര്‍ കാണിക്കുന്നില്ല, എംഎല്‍എ എന്ന രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കില്‍ കൂടെ, അവരുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച് സംസാരിക്കണം എന്നാണ് തനിക്ക് അവരോട് പറയാനുളളത് എന്ന് പാര്‍വതി പറഞ്ഞു.