ഒരു ജില്ലയെ ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രചാരണങ്ങളില്‍ ലജ്ജ തോന്നുന്നു: പാര്‍വതി

ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയെ ലക്ഷ്യം വച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത്. മൃഗങ്ങള്‍ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ വിദ്വേഷ പ്രചാരണങ്ങളെയും പാര്‍വതി വിമര്‍ശിച്ചു.

“മൃഗങ്ങള്‍ക്കെതിരെയുള്ള ഇത്തരം പൈശാചിക ആക്രമണങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. ഇത് ക്രിമിനല്‍ കുറ്റം തന്നെയാണ്. എന്നാല്‍, ഈ വിഷയത്തില്‍ ഒരു ജില്ലയെ മാത്രം ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രചാരണങ്ങളില്‍ ലജ്ജ തോന്നുന്നു”” എന്ന് പാര്‍വതി ട്വീറ്റ് ചെയ്തു. ആന ചരിഞ്ഞ സംഭവത്തില്‍ സിനിമാ-കായിക താരങ്ങളടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തില്‍ എന്ന മനേക ഗാന്ധിയുടെ ട്വീറ്റ് വലിയ വിവാദമായിരുന്നു. ആന ചരിഞ്ഞ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് വിശദീകരണം തേടിയിട്ടുണ്ട്.