മലയാളത്തിന് ഇത് അഭിമാനം; ഗോവയില്‍ പാര്‍വതി മികച്ച നടി; 'പുരസ്‌ക്കാരം രാജേഷ്പിള്ളയ്ക്കും കേരളത്തിലെ നഴ്‌സുമാര്‍ക്കും സമര്‍പ്പിക്കുന്നു'

ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ടേക്ക് ഓഫീലെ സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പാര്‍വതിക്ക് പുരസ്‌ക്കാരം ലഭിച്ചത്. ടേക്ക് ഓഫീന് പുരസ്‌ക്കാരം ലഭിക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു . തനിക്ക് ലഭിച്ച പുരസ്‌ക്കാരം മരിച്ചുപോയ സംവിധായകന്‍ രാജേഷ് പിള്ളയ്ക്കും കേരളത്തിലെ നഴ്‌സുമാര്‍ക്കും സമര്‍പ്പിക്കുന്നതായി പുരസ്‌ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് പാര്‍വതി പറഞ്ഞു.

ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ 26 സിനിമകളാണ് ഉണ്ടായിരുന്നത്. ഈ സിനിമകളില്‍നിന്നാണ് മികച്ച നടിയായി പാര്‍വതിയെ തെരഞ്ഞെടുത്തിരിക്കുന്നത്. മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത് മഹേഷ് നാരായണനും പിവി ഷാജികുമാറും ചേര്‍ന്നായിരുന്നു. ഇറാഖ് യുദ്ധഭൂമിയില്‍ കുടുങ്ങി പോയ നഴ്‌സുമാരുടെ കഥ പറഞ്ഞ ചിത്രത്തിന് നേരത്തെ തന്നെ പുരസ്‌ക്കാരങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.

പുരസ്‌ക്കാരം വാങ്ങിയ ശേഷം കരഞ്ഞു കൊണ്ടായിരുന്നു പാര്‍വതി സംസാരിച്ചത്. രാജേഷ് പിള്ളയുടെ വലിയ സ്വപ്‌നമായിരുന്നു ഈ സിനിമയെന്നും അദ്ദേഹത്തിന്റെ മരണശേഷം മഹേഷ് നാരായണനും മറ്റും ചേര്‍ന്ന് ഈ സിനിമ യാഥാര്‍ത്ഥ്യമാക്കണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും പാര്‍വതി വേദിയില്‍ പറഞ്ഞു. ദുരിതം അനുഭവിക്കുന്ന കേരളത്തിലെ നഴ്‌സുമാര്‍ക്ക് താനി പുരസ്‌ക്കാരം സമര്‍പ്പിക്കുകയാണെന്നും പാര്‍വതി പറഞ്ഞു. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം നിര്‍മ്മിച്ചത് രാജേഷ് പിള്ളയുടെ ഭാര്യയുടെ സഹകരണത്തോടെ ആന്റോ ജോസഫായിരുന്നു.