‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’; ഫുക്കുവോക്കയില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടി പാര്‍വതിയുടെ തമിഴ് ചിത്രം

പാര്‍വ്വതി തിരുവോത്ത് ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ച ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും എന്ന തമിഴ് ചിത്രത്തിന് ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. വസന്ത് എസ് സായ് സംവിധാനം ചെയ്ത ഈ ചിത്രം് 29-ാമത് ഫുക്കുവോക്ക ചലച്ചിത്ര മേളയിലാണ് മികച്ച ചിത്രമായത്. പാര്‍വ്വതിക്കൊപ്പം ലക്ഷ്മിപ്രിയ ചന്ദ്രമൗലി, കാളീശ്വരി ശ്രീനിവാസന്‍ എന്നിവരുമാണ് ചിത്രത്തിലെ മൂന്ന് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’. അശോകമിത്രന്‍, ആദവന്‍, ജയമോഹന്‍ എന്നിവരുടെ ചെറുകഥകളെ അധികരിച്ചാണ് വസന്ത് ചിത്രമൊരുക്കിയിരിക്കുന്നത്. എന്‍ കെ ഏകാംബരവും രവി റോയ്യും ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ് ആണ്.

2018 മുംബൈ മാമി ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന് അവിടെ ജെന്‍ഡര്‍ ഇക്വാലിറ്റി അവാര്‍ഡ് ലഭിച്ചിരുന്നു.