പത്മാവത് നിരൂപണങ്ങള്‍ പറയുന്നത് ഇങ്ങനെ: ചിത്രത്തെക്കുറിച്ച് ഉയരുന്നത് സമ്മിശ്ര പ്രതികരണങ്ങള്‍

വിവാദചിത്രം പത്മാവതിന്റെ ആദ്യ സ്‌ക്രീനിങിനു ശേഷം സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തിനെപ്പറ്റി പുറത്തുവരുന്നത്. എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ ചാനലുകളും സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരും ചിത്രത്തെക്കുറിച്ചുള്ള നിരൂപണങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

സഞ്ജയ് ലീല ബന്‍സാലിയുടെ ബോറന്‍ ചിത്രമാണ് പത്മാവത് എന്നും ദീപിക എന്ന അഭിനേത്രിയോട് ചിത്രം നീതിപുലര്‍ത്തിയില്ലെന്നും എന്‍ഡിടിവി അവരുടെ റിവ്യുവില്‍ വ്യക്തമാക്കി. ഒരു ഫാഷന്‍ ഷോ എന്നനിലയിലേയ്ക്ക് തരംതാണുപോയ ചിത്രത്തില്‍ കര്‍ട്ടനിട്ട വിന്‍ഡോകള്‍ പോലെയുള്ള രൂപമാണ് കഥാപാത്രങ്ങള്‍ക്കെന്നും ചിത്രം പരമബോറാണെന്നും റിവ്യുവില്‍ പറയുന്നുണ്ട്.

ഷാഹിദിന്റെയും രണ്‍വീറിന്റെയും ഈഗോ യുദ്ധത്തില്‍ ദീപികയുടെ ശോഭ കുറഞ്ഞെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് അഭിപ്രായപ്പെടുന്നു. ചിത്രം മോശമാണ് എന്ന് നേരിട്ട് പറയുന്നില്ലെങ്കിലും അത് പറയാതെ പറയുന്നുണ്ട് ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യു.

സഞ്ജയ് ലീല ബന്‍സാലി ചിത്രം വളരെ മനോഹരമായിട്ടാണ് ഒരുക്കിയിരിക്കുന്നതെന്നും എന്നാല്‍ നാടകീയത കൂടിപോയതിനാല്‍ സിനിമ ഒരു പെയ്ന്റിംഗ് പോലെയാണ് അനുഭവപ്പെടുന്നതെന്നും ഫിലിം കമ്പാനിയനില്‍ അനുപമ ചോപ്ര പറയുന്നു. അതേസമയം ന്യൂസ് 18 യുടെ റിവ്യു രണ്‍വീര്‍ സിംഗിന് ചിത്രത്തില്‍ ലഭിച്ച പ്രധാന്യത്തെയാണ് എടുത്തു പറയുന്നത്. വിവാദങ്ങള്‍ക്കു തിരികൊളുത്തിയ ആരോപണങ്ങളൊന്നും തന്നെ പത്മാവതിയുടെ കാര്യത്തില്‍ സത്യമല്ലെന്നും ന്യൂസ് 18 റിവ്യുവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പത്മാവത് ഒരു മാസ്റ്റര്‍ പീസാണെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു

ചിത്രത്തെപ്പറ്റി വളരെ മോശം അഭിപ്രായമാണ് ഫസ്റ്റ് പോസ്റ്റില്‍ അന്ന എം വെട്ടിക്കാട് എഴുതിയിരിക്കുന്നത്. അവസരവാദ സമീപനമാണ് സിനിമയില്‍ ഉടനീളം സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സ്വീകരിച്ചിരിക്കുന്നതെന്ന് അന്ന പറയുന്നു.