പത്മാവത് വിഷയത്തില്‍ പ്രതിഷേധക്കാര്‍ കരണംമറിയുന്നു; പ്രതിഷേധകര്‍ കാണേണ്ട സിനിമയെന്ന് ഹിന്ദുമക്കള്‍ കക്ഷി പ്രസിഡന്റ് അര്‍ജ്ജുന്‍ സമ്പത്ത്

ഹിന്ദു, രജപുത് സേനകളുടെ മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങളെ പിന്നിട്ട് ജനുവരി 25നാണ് സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവത് തീയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ പേരിലുള്‍പ്പെടെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തി റിലീസിനെത്തിയിട്ടും ഇപ്പോഴും പല സംസ്ഥാനങ്ങളിലും സിനിമയ്‌ക്കെതിരായ പ്രതിക്ഷേധം തുടരുകയാണ്. എന്നാല്‍ പത്മാവതില്‍ രജപുത് കര്‍ണ്ണിസേന ആരോപിക്കുന്ന കുറ്റങ്ങളൊന്നും കാണാനില്ലെന്നാണ് നിരൂപകരും ചിത്രം കണ്ട പ്രേക്ഷകരും വിലയിരുത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് മുമ്പ് ആവശ്യമുന്നയിച്ച ഹിന്ദു മക്കള്‍ കക്ഷി പ്രസിഡന്റ് അര്‍ജ്ജുന്‍ സമ്പത്തും അനുകൂലമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു. ഇനിയും ചിത്രത്തെപ്പറ്റി മനസിലാക്കാത്ത പ്രതിഷേധകര്‍ ഈ ചിത്രം നിശ്ചയമായും തീയേറ്ററില്‍ പോയി കാണണം എന്നാണ് അര്‍ജ്ജുന്‍ ആവശ്യപ്പെടുന്നത്. പത്മാവത് കാണുന്നതോടെ അവരുടെ മനസുമാറുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് അദ്ദേഹം പറയുന്നു.

ചിത്രം പറയുന്നത് റാണി പത്മാവതിയുടെ ധീരതയുടെ കഥയാണ്. അവരുടെ ത്യാഗത്തിന്റെ മഹത്വം ഇന്ത്യയിലെ ജനങ്ങള്‍ തിരിച്ചറിയട്ടെ. പ്രതിഷേധങ്ങളുടെ ഫലമായി പേരു മാറ്റിയും മറ്റു വ്യത്യാസങ്ങള്‍ വരുത്തിയിട്ടുമല്ലേ ചിത്രം റിലീസ് ചെയ്തത്. ഇപ്പോള്‍ എല്ലാവര്‍ക്കും കാണാനും ആസ്വദിക്കാനും കഴിയുന്ന തരത്തിലുള്ളതാണ് ഈ സിനിമ .
ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പ്രതീകമാണ് പത്മാവതി. ക്ഷേത്രങ്ങള്‍ നശിപ്പിച്ചും കൊള്ളയടിച്ചും മുന്നേറിയ അലാവുദ്ദീന്‍ ഖില്‍ജിയ്‌ക്കെതിരായ അവരുടെ പ്രതിരോധമാണ് സിനിമയുടെ ഇതിവൃത്തം. അര്‍ജ്ജുന്‍ പറഞ്ഞു.