ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു.വിടരുതെന്ന് ഡബ്ല്യു.സി.സി അംഗങ്ങള്‍ നേരിട്ട് അഭ്യര്‍ത്ഥിച്ചു; വെളിപ്പെടുത്തലുമായി മന്ത്രി പി. രാജീവ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയത്തില്‍ മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസിയെ പ്രതിരോധത്തിലാക്കി മന്ത്രി പി രാജീവിന്റെ വെളിപ്പെടുത്തല്‍. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്യുസിസി അംഗങ്ങള്‍ നേരിട്ട് അഭ്യര്‍ത്ഥിച്ചുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ഇംഗ്ലീഷ് പത്രവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇ്ക്കാര്യം തുറന്നുപറഞ്ഞത്.

രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നില്ല എന്നും, എന്തുകൊണ്ട് റിപ്പോര്‍ട്ടിന്‍മേല്‍ നടപടി എടുക്കുന്നില്ല എന്നും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകള്‍ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ രൂപീകരിച്ചത് കമ്മീഷനല്ല, കമ്മിറ്റിയാണെന്നും, അതിനാല്‍ത്തന്നെ നിയമസഭയില്‍ വയ്ക്കാന്‍ ബാധ്യതയില്ലെന്നുമുള്ള സാങ്കേതികന്യായമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്്. മാത്രമല്ല, നിലവിലുള്ള റിപ്പോര്‍ട്ട് പഠിക്കാന്‍ മറ്റൊരു സമിതിയെ നിയോഗിക്കുകയും ചെയ്തു.

നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ട് പഠനം നടത്തി സ്ത്രീ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടില്ലും നടപടികള്‍ ഉണ്ടാവാത്ത സാഹചര്യം വ്യാപക വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.